കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ കൊല്ലത്ത് റജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം.
വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് കുണ്ടറ പോലീസ് കേസെടുത്തത്. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിൽ വിവാഹം കഴിഞ്ഞ നാൾ മുതൽ മാനസികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്.
ജൂലൈ ഒന്‍പതിന് രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിംഗ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം.